Friday, October 25, 2013

കടലില്‍നിന്ന് കറന്റെടുത്ത് ഷാജിയും കൂട്ടരും

കടലില്‍നിന്ന് കറന്റെടുത്ത് ഷാജിയും കൂട്ടരും

എടക്കാട്: തിരമാലയില്‍നിന്ന് വൈദ്യുതി എന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും ചെറുവാഞ്ചേരി സ്വദേശിയും ഓട്ടോമെക്കാനിക്കുമായ വി.വി.ഷാജി തന്റെ പരിമിതമായ സൗകര്യങ്ങള്‍ കൊണ്ടു കടലില്‍നിന്ന് കറന്റ് എടുക്കുകയാണ്. 

പഴയ ടെലിഫോണ്‍ തൂണും തെങ്ങിന്‍ തടികളും പ്ലാസ്റ്റിക് വീപ്പകളും പഴയ പ്രിന്റിങ് പ്രസ്സിന്റെ ചക്രങ്ങളും കയറും എല്ലാം ചേര്‍ത്തു നൂറുകണക്കിനാള്‍ക്കാര്‍ നോക്കിനിലെ്ക്ക ഷാജിയും സുഹൃത്തുക്കളും കടലില്‍നിന്ന് കറണ്ടെടുത്തു ബള്‍ബ് കത്തിച്ച് കാണിച്ചുകൊടുത്തപ്പോള്‍ കൂടിനിന്നവര്‍ക്ക് അത്ഭുതം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ഷാജിയുടെ പരീക്ഷണം. തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് കറങ്ങുന്ന ചക്രത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിച്ച് ഡൈനാമോ പ്രവര്‍ത്തിപ്പിച്ചാണ് ഷാജി ബള്‍ബ് കത്തിച്ചത്. 90 വാട്ട് വൈദ്യുതി ലഭിച്ചുവെന്നും പരീക്ഷണം രണ്ടാഴ്ചയോളം തുടരുമെന്നും ഷാജി പറഞ്ഞു. 

പത്താംക്ലാസ് വരെ പഠിച്ച ഷാജി സ്വയംനേടിയ അറിവിലൂടെയാണ് പരീക്ഷണത്തിനിറങ്ങിയത്. ഒരാഴ്ച മുമ്പ് മുഴപ്പിലങ്ങാട് ക്യാമ്പ് ചെയ്ത് തൂണുകളുംമറ്റും സ്ഥാപിച്ചെങ്കിലും ശക്തമായ തിരമാലയില്‍ ഒലിച്ചുപോയി. ജെ.സി.ബി.യുടെ സഹായത്തോടെ കടലില്‍ കുഴിയെടുത്ത് മണല്‍നിറച്ച വീപ്പകള്‍ സ്ഥാപിച്ചാണ് വീണ്ടും തൂണുകള്‍ ഉറപ്പിച്ചത്. 

ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ്ങ് കോളേജിലെ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥികളായ പി.ജെ.ജോബിന്‍സ്, ആന്റണി ജോസഫ്, ഡിവിന്‍ സേവ്യര്‍, ആശിഷ് വിജയകുമാര്‍, അമല്‍ ടോം റോസ്, എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ നിധീഷ്, സജി, സിദുദാസ്, ഷോജ, ശില്പ, കണ്ണൂര്‍ ഐ.ടി.ഐ. വിദ്യാര്‍ഥികളായ സി.ടി.സൂരജ്, അതുല്‍, ജിഷിന്‍ എന്നിവരും ഷാജിയുടെ സഹായത്തിനുണ്ട്.


Courtsey: http://www.mathrubhumi.com/story.php?id=401419

No comments:

Post a Comment